ഇനി നമുക്ക് ജയിക്കാം
ഒരു സര്‍ക്കാര്‍ജോലി നേടിയെടുക്കാം
ഒരു സര്‍ക്കാര്‍ജോലി പലരുടേയും സ്വപ്നമാണ്. മാസംതോറും അനന്തപത്മനാഭന്‍റെ പത്ത് ചക്രം കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ? കേരളത്തില്‍ ഓരോതവണയും സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ്.പക്ഷെ അവരില്‍ നേരിയ ഒരു ശതമാനം മാത്രമാണ് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടുന്നത്.ഇതിന്‍റെ കാരണം മറ്റൊന്നുമല്ല.തീവ്രമായ പരിശീലനകുറവാണ് പരീക്ഷാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ നിന്ന് അകലെ നിര്‍ത്തുന്നത്.ഇതിനൊരു പരിഹാരം കാണാനാണ് എന്‍റെ ശ്രമം.സാധാരണക്കാര്‍ക്കും ഇതര തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താന്‍ സാഹസപ്പെടുന്നവര്‍ക്കും പണം കൊടുത്തു പരിശീലനത്തിന് പോകുവാനോ ധാരാളം സമയം ഇതിനുവേണ്ടി നീക്കിവക്കുവാനോ കഴിയുകയില്ല.അങ്ങനെയുള്ളവര്‍ക്ക് എന്നെ പിന്തുടരാം.ലാസ്റ്റു ഗ്രേഡു മുതല്‍ എല്‍. ഡി ക്ലാര്‍ക്ക് വരെയുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടി നിങ്ങള്‍ക്ക് അനായാസം ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കത്തക്കവിധത്തിലുള്ള പരിശീലനമാണിത്.ഈ സക്സസ് മേക്കിംഗ് പ്രക്രിയയില്‍ തുടര്‍ച്ചയായി പങ്കെടുത്താല്‍ വിജയം നിങ്ങള്‍ക്ക് ഉറപ്പാണ്.നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഗോപകുമാര്‍ നേടിയത്ത്, ലക്ഷ്മിനിവാസ്, പോരേടം.പി.ഓ,ചടയമംഗലം,കൊല്ലം,കേരളം എന്ന വിലാസത്തില്‍ എന്നെ എഴുതി അറിയിക്കുക.മറുപടി നെരിട്ടയക്കുകയും കത്ത് ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
എങ്ങനെയാണ് നാം പരീക്ഷയ്ക്കുവേണ്ടി പരിശീലിക്കേണ്ടത്?നിങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ജോലി കിട്ടുന്നതുവരെ ദിവസം ഒരുമണിക്കൂര്‍ എനിക്ക് വേണ്ടി ചെലവഴിക്കുക.ഇന്നത്തെ പത്രം നിങ്ങള്‍ വായിച്ചോ?മത്സരപരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ കൃത്യമായി ദിനപത്രം വായിച്ചിരിക്കണം.കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരിക്കണം.ചിലപ്പോള്‍ മത്സ്യം പൊതിഞ്ഞുകൊണ്ടുവരുന്ന പത്രത്താളില്‍ നിന്ന് കിട്ടുന്ന വിവരം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.ഇന്നത്തെ പത്രത്തില്‍ ഒരു വിവരമുണ്ട്.ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി യാസ്മിന്‍ അബ്റാറിനെ തിരഞ്ഞെടുത്തതാണ് ആ വിവരം.ഇനി വരുന്ന പി എസ്സി പരീക്ഷകള്‍ക്ക് ചോദിച്ചേക്കാവുന്ന ഒരു ചോദ്യമാണിത്.അതുകൊണ്ട് മറക്കരുത്.ആരാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ? യാസ്മിന്‍ അബ്റാര്‍.ഈ ചോദ്യവും ഉത്തരവും മനസ്സില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞു ഉറപ്പിക്കുക.ഇതിനി മറക്കേണ്ട കാര്യമില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്? എസ്.എച്ച്.കപാഡിയ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ്? ജെ.ചെലമേശ്വര്‍. മിസൈല്‍ വനിത എന്നറിയപ്പെടുന്നതാര്? ടെസി തോമസ്. കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷം ഏത്? തെങ്ങ്. ഇങ്ങനെ നിത്യേന കുറച്ച് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പഠിക്കുക.ഒരുപാട് പഠിച്ചതുകൊണ്ട് കാര്യമില്ല. കുറച്ച് പഠിച്ചാലും പഠിച്ചത് മറക്കാതെ ഇരിക്കുന്നതാണ് ഒരാളുടെ കഴിവിനെ കാണിക്കുന്നത്.പരീക്ഷയ്ക്ക് അറിയാവുന്ന ഉത്തരങ്ങള്‍ മാത്രമേ എഴുതാവൂ.ഊഹംവച്ച് ഒരിക്കലും ഉത്തരങ്ങള്‍ എഴുതരുത്.നമുക്ക് അതിന്‍റെ ആവശ്യമില്ല.ചോദ്യങ്ങളും അവയുടെ കൃത്യമായ ഉത്തരങ്ങളും നമുക്ക് പഠിക്കാം.പരീക്ഷാ ഹാളില്‍ ആലോചിച്ച് ഇരിക്കേണ്ട ആവശ്യമേയില്ല.ഒരു ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ.അത് നാം അറിഞ്ഞിരിയ്ക്കണം. ബാക്കി അടുത്ത ക്ലാസ്സില്‍.
ഗോപകുമാര്‍നെടിയത്ത്