2011, മേയ് 2, തിങ്കളാഴ്‌ച

DAY OF SUCCESS - 1

                   ഇന്ന് നാം എന്ത് നേടി ?

                             ഗോപകുമാര്‍ നെടിയത്ത് 



                                     ഇന്നത്തെ ദിവസം എന്ത് നേടി എന്ന് ഒരു നിമിഷം ചിന്തിക്കുക.സങ്കടം തോന്നുന്നു അല്ലേ?.ഇതാണ് പണ്ട് നാട്ടിന്‍ പുറത്തുകാര്‍ പറഞ്ഞിരുന്നത്,ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ലെന്ന്.എന്നാല്‍ അങ്ങനെയല്ല.ഒന്നും നേടാന്‍ കഴിയാത്തവര്‍ അതിനെക്കുറിച്ച് ചിന്തിക്കുകതന്നെ വേണം.തനിക്കു ഒന്നും നേടാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നാനാവശത്തുനിന്നും ചിന്തിക്കുക.അപ്പോള്‍ നിങ്ങളുടെ ഉപബോധമനസ്സ് ബോധ മണ്ഡലത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.ഇവിടെയാണ്‌ നാം ശരിക്കും പ്രവര്‍ത്തിക്കേണ്ടത്.ഇതുവരെ നേടാന്‍ കഴിയാത്തതൊക്കെ ഇനിയുള്ള ദിവസങ്ങളില്‍ ഞാന്‍ നേടിയെടുക്കുമെന്നു ഉപബോധമനസ്സില്‍ പ്രതിജ്ഞ ചെയ്യുക.നമുക്ക് വിജയിക്കാന്‍ കഴിയുമെന്ന തോന്നല്‍ മനസ്സില്‍ പ്രബലമാകുന്ന നിമിഷം മുതല്‍ നാം വിജയിച്ച് തുടങ്ങി എന്ന് ഉറപ്പായും പറയാം.ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ ആയ നിങ്ങള്‍  ഇന്ന് വളരെ പ്രതീക്ഷയോടെയാണ് നിങ്ങളുടെ  പ്രവര്‍ത്തന മേഖലയിലേക്ക് ഇറങ്ങിയത്‌.പക്ഷെ നിരാശയോടെ നിങ്ങള്‍ക്ക് മടങ്ങി വരേണ്ടിവന്നു.സാരമില്ല.നാളെ നിങ്ങള്‍ക്കുവേണ്ടി ഉള്ളതാണ്.പ്രതിലോമ ചിന്തകള്‍ക്ക് മനസ്സില്‍ ഒട്ടും ഇടം കൊടുക്കരുത്.അത് നിങ്ങള്‍ക്ക് ചുറ്റും പ്രതികൂല ഊര്‍ജ്ജത്തെ സൃഷ്ടിക്കും.അനുകൂലമായി ചിന്തിക്കുക.നിങ്ങള്‍ക്ക് അനുകൂലമായി ചിന്തിക്കാന്‍ ഈ ലോകത്ത് മറ്റാരെക്കാളും നല്ലത് നിങ്ങള്തന്നെയാണ്.കമ്പനി നല്‍കുന്ന പ്ലാനുകളെ കുറിച്ചു നന്നായി പഠിക്കുക.ഇത് നിങ്ങളുടെ കക്ഷികള്‍ക്ക് മുമ്പില്‍ അസ്സലായി അവതരിപ്പിക്കുക.ആരോടും കെഞ്ചരുത്.നിങ്ങള്‍ സ്വന്തം വ്യക്തിത്വം എങ്ങും അടിയറ വയ്ക്കാതിരിക്കുക.സ്വന്തം പ്രവൃത്തി അനസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുക.ചെയ്യുന്ന പ്രവൃത്തിക്ക് മുഴുവന്‍ ഫലം ലഭിക്കും.ചിലപ്പോള്‍ കുറച്ച് ബോണസ്സും ലഭിച്ചേക്കാം.നിങ്ങള്‍ നല്‍കുന്ന പ്ലാനിന്‍റെ ഗുണങ്ങളും ദോഷങ്ങളും കക്ഷികളെ പറഞ്ഞു മനസ്സിലാക്കണം.ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന മറ്റൊരാള്‍ നിങ്ങള്‍ക്ക് ഫലം നല്കിയേക്കാം.അതുകൊണ്ട് പതറാതെ മുന്നേറുക.കാര്യങ്ങള്‍ നന്നായി പഠിക്കുക.നിങ്ങള്‍ ഉയരങ്ങളില്‍ എത്തും.വരും ദിവസങ്ങളില്‍ നമുക്ക് പരസ്പരം കണ്ടുമുട്ടാം.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

2011, ഏപ്രിൽ 12, ചൊവ്വാഴ്ച

VIJAYAVEDI

                   ഇനി നമുക്ക് ജയിക്കാം

   ഒരു സര്‍ക്കാര്‍ജോലി നേടിയെടുക്കാം


                                  ഒരു സര്‍ക്കാര്‍ജോലി പലരുടേയും സ്വപ്നമാണ്. മാസംതോറും അനന്തപത്മനാഭന്‍റെ പത്ത് ചക്രം കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ? കേരളത്തില്‍ ഓരോതവണയും സര്‍ക്കാര്‍ ജോലിക്കായുള്ള പരീക്ഷ എഴുതുന്നത്‌ ലക്ഷക്കണക്കിന്‌ ഉദ്യോഗാര്‍ത്ഥികളാണ്.പക്ഷെ അവരില്‍ നേരിയ ഒരു ശതമാനം മാത്രമാണ് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടുന്നത്.ഇതിന്‍റെ കാരണം മറ്റൊന്നുമല്ല.തീവ്രമായ പരിശീലനകുറവാണ് പരീക്ഷാര്‍ത്ഥികളെ റാങ്ക് പട്ടികയില്‍ നിന്ന് അകലെ നിര്‍ത്തുന്നത്.ഇതിനൊരു പരിഹാരം കാണാനാണ് എന്‍റെ ശ്രമം.സാധാരണക്കാര്‍ക്കും ഇതര തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താന്‍ സാഹസപ്പെടുന്നവര്‍ക്കും പണം കൊടുത്തു പരിശീലനത്തിന് പോകുവാനോ ധാരാളം സമയം ഇതിനുവേണ്ടി നീക്കിവക്കുവാനോ കഴിയുകയില്ല.അങ്ങനെയുള്ളവര്‍ക്ക് എന്നെ പിന്തുടരാം.ലാസ്റ്റു ഗ്രേഡു മുതല്‍ എല്‍. ഡി ക്ലാര്‍ക്ക് വരെയുള്ള പരീക്ഷകളില്‍ ഉന്നത വിജയം നേടി നിങ്ങള്‍ക്ക് അനായാസം ഒരു സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കത്തക്കവിധത്തിലുള്ള പരിശീലനമാണിത്.ഈ സക്സസ് മേക്കിംഗ് പ്രക്രിയയില്‍ തുടര്‍ച്ചയായി പങ്കെടുത്താല്‍ വിജയം നിങ്ങള്‍ക്ക് ഉറപ്പാണ്‌.നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഗോപകുമാര്‍ നേടിയത്ത്, ലക്ഷ്മിനിവാസ്, പോരേടം.പി.ഓ,ചടയമംഗലം,കൊല്ലം,കേരളം എന്ന വിലാസത്തില്‍ എന്നെ എഴുതി അറിയിക്കുക.മറുപടി നെരിട്ടയക്കുകയും കത്ത് ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.


                                  എങ്ങനെയാണ് നാം പരീക്ഷയ്ക്കുവേണ്ടി പരിശീലിക്കേണ്ടത്?നിങ്ങള്‍ക്ക് ഒരു സര്‍ക്കാര്‍ജോലി കിട്ടുന്നതുവരെ ദിവസം ഒരുമണിക്കൂര്‍ എനിക്ക് വേണ്ടി ചെലവഴിക്കുക.ഇന്നത്തെ പത്രം നിങ്ങള്‍ വായിച്ചോ?മത്സരപരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നവര്‍ കൃത്യമായി ദിനപത്രം വായിച്ചിരിക്കണം.കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരിക്കണം.ചിലപ്പോള്‍ മത്സ്യം പൊതിഞ്ഞുകൊണ്ടുവരുന്ന പത്രത്താളില്‍ നിന്ന് കിട്ടുന്ന വിവരം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.ഇന്നത്തെ പത്രത്തില്‍ ഒരു വിവരമുണ്ട്.ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയായി യാസ്മിന്‍ അബ്റാറിനെ തിരഞ്ഞെടുത്തതാണ് ആ വിവരം.ഇനി വരുന്ന പി എസ്സി പരീക്ഷകള്‍ക്ക് ചോദിച്ചേക്കാവുന്ന ഒരു ചോദ്യമാണിത്.അതുകൊണ്ട് മറക്കരുത്.ആരാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ? യാസ്മിന്‍ അബ്റാര്‍.ഈ ചോദ്യവും ഉത്തരവും മനസ്സില്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞു ഉറപ്പിക്കുക.ഇതിനി മറക്കേണ്ട കാര്യമില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്? എസ്.എച്ച്.കപാഡിയ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആരാണ്? ജെ.ചെലമേശ്വര്‍. മിസൈല്‍ വനിത എന്നറിയപ്പെടുന്നതാര്? ടെസി തോമസ്‌. കേരളത്തിന്‍റെ ഔദ്യോഗിക വൃക്ഷം ഏത്? തെങ്ങ്. ഇങ്ങനെ നിത്യേന കുറച്ച് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പഠിക്കുക.ഒരുപാട് പഠിച്ചതുകൊണ്ട് കാര്യമില്ല. കുറച്ച് പഠിച്ചാലും പഠിച്ചത് മറക്കാതെ ഇരിക്കുന്നതാണ് ഒരാളുടെ കഴിവിനെ കാണിക്കുന്നത്.പരീക്ഷയ്ക്ക് അറിയാവുന്ന ഉത്തരങ്ങള്‍ മാത്രമേ എഴുതാവൂ.ഊഹംവച്ച് ഒരിക്കലും ഉത്തരങ്ങള്‍ എഴുതരുത്.നമുക്ക് അതിന്‍റെ ആവശ്യമില്ല.ചോദ്യങ്ങളും അവയുടെ കൃത്യമായ ഉത്തരങ്ങളും നമുക്ക് പഠിക്കാം.പരീക്ഷാ ഹാളില്‍ ആലോചിച്ച് ഇരിക്കേണ്ട ആവശ്യമേയില്ല.ഒരു ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ.അത് നാം അറിഞ്ഞിരിയ്ക്കണം. ബാക്കി അടുത്ത ക്ലാസ്സില്‍.

                                                           ഗോപകുമാര്‍നെടിയത്ത് 
   

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

NEW CHAPTER

                 വിജയം അകലെയല്ല

                          ഗോപകുമാര്‍ നെടിയത്ത്


                     വിജയിക്കാന്‍ ആഗ്രഹിക്കാത്തവരായി ഈ ഭൂമുഖത്ത് ആരാണുള്ളത്?. ആരും കാണുകയില്ല എന്ന ഉത്തരവുമായി നമുക്ക് മുന്നോട്ടു പോകാം.ലോക മലയാളികള്‍ക്ക് മുന്നില്‍ വിജയത്തിന്‍റെ വഴികള്‍ ഞാന്‍ സമര്‍പ്പിക്കുന്നു.ജീവിതവിജയം നേടാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം എന്‍റെ പാഠങ്ങള്‍ വായിക്കുക.ഇത് ഒരു തവണ വായിച്ചതുകൊണ്ടുമാത്രം ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞെന്നു വരില്ല.ആത്മവിശ്വാസക്കുറവു തോന്നുമ്പോള്‍ വീണ്ടും വീണ്ടും വായിക്കുക. വിജയകരമായി കാര്യങ്ങള്‍ ചെയ്തുകൂടേ എന്ന് ചോദിച്ചാല്‍ പ്രവര്‍ത്തന മൂലധനമോ അടിസ്ഥാന മൂലധനമോ ഇല്ലാത്തതുകൊണ്ടാണ് ഒന്നും ചെയ്യാന്‍ കഴിയാത്തതെന്നും അതുണ്ടായിരുന്നെങ്കില്‍ എല്ലാം നേരെ ചൊവ്വെ ചെയ്യാന്‍ കഴിഞ്ഞേനെ എന്നും ചിലര്‍ പറയും.വിജയിക്കാന്‍ അടിസ്ഥാന മൂലധനം ആവശ്യമുണ്ടോ?വിഭവങ്ങളില്ലാതെ ആര്‍ക്കും വിജയിക്കാന്‍ കഴിയുകയില്ല.നിങ്ങള്‍ ശൂന്യതയില്‍ നിന്നുകൊണ്ടാണ് വിജയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് കരുതുക.വിജയത്തിന്‍റെ തേരിലേറി മുന്നോട്ടു പോകുവാന്‍ നമ്മുടെ മുന്നില്‍ വഴി വിശാലമായി തുറന്നു കിടപ്പുണ്ട്.അത് ആരും അടച്ചിട്ടില്ല.വിജയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ദിനചര്യ ആവശ്യമാണ്‌.അതിരാവിലെ,അതായത് സൂര്യോദയത്തിനു മുമ്പ് ഉണരുക.കുളി ഉള്‍പ്പെടെയുള്ള പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വഹിച്ച ശേഷം കുറച്ചുനേരം ഒരിടത്ത് സ്വസ്ഥമായിരുന്നു വിശ്വസിക്കുന്ന ദൈവത്തിനെ ഓര്‍ക്കുക.മനസിലുള്ളത് മൗനമായി ദൈവത്തോട് പങ്കുവയ്ക്കുക.ഇപ്പോള്‍ മനസ്സ് ഒരു കണ്ണാടി പോലെ സുതാര്യമായിട്ടുണ്ടാവും.കളങ്കമില്ലാത്ത മനസ്സുമായി ഭാവിയെക്കുറിച്ച് ചിന്തിക്കുക.ആരായിത്തീരണം എന്തായിത്തീരണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത് ഭാവനയില്‍ കാണാന്‍ ശ്രമിക്കുക.ഈ സങ്കല്പം സകല നേരവും മനസ്സില്‍ ഉണ്ടാവണം.അടുത്തപടി അദ്ധ്വാനിക്കുക എന്നതാണ്.അദ്ധ്വാനമില്ലാതെ ഒരിക്കലും സമ്പത്ത് ഉണ്ടാവുകയില്ല.നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്‌ മാത്രം ചെയ്യുക.അത്യാഗ്രഹം കൊണ്ട് തന്നെക്കൊണ്ട് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്.അത് പരാജയത്തിനു വഴി തുറക്കും.അദ്ധ്വനിക്കുന്നതിനു ആര്‍ക്കും തടസ്സമില്ല.അത് ബുദ്ധികൊണ്ടുള്ളതാവാം അതല്ലെങ്കില്‍ കായികപരമാവാം.കിട്ടുന്നതിന്‍റെ പകുതി ചിലവഴിക്കുക,ബാക്കി സമ്പാദിക്കുക.പണ്ട് വീട്ടമ്മമാര്‍ ചോറിനു അരി അളക്കുമ്പോള്‍ ഒരുപിടി മാറ്റി ഒരു പാത്രത്തില്‍ ഇട്ടുവക്കും.ഇത് ക്ഷാമകാലത്ത് സുഭിക്ഷമായി കഴിക്കാനുള്ള വകയായി മാറും.അതുപോലെ നിങ്ങള്‍ മിച്ചം പിടിക്കുന്ന ചെറിയ സംഖ്യകളും ഒരിക്കല്‍ ഒരു വലിയ തുകയാവും.ഇത് അടിസ്ഥാന മൂലധനമാക്കി നമുക്ക് സമ്പന്നതയുടെ കൊടുമുടിയില്‍ എത്തിച്ചേരാന്‍ കഴിയും.ചിന്തിച്ചിരുന്നു നേരം പാഴാക്കുന്നവര്‍ ഇന്നുമുതല്‍ ഒന്ന് ശ്രമിച്ച് നോക്കുക.നഷ്ടപ്പെടാന്‍ നമുക്കൊന്നുമില്ല.നേടാന്‍ ആണെങ്കില്‍ ഏറെയുണ്ടുതാനും .ശ്രമിക്കുക.നിങ്ങള്‍ വിജയിക്കും.